ജിമെയിലിന്‍റെ പഴയ ലോഗോ മാറ്റുന്നു, പകരം നിറങ്ങളിൽ മുങ്ങിയ പുതിയ ലോഗോ

ഗൂഗിള്‍ ജിസ്യൂട്ടിന് പകരമായെത്തുന്ന ഗൂഗിള്‍ വര്‍ക്ക് സ്‌പേസിന്റെ ഭാഗമാണ് ഈ പുതിയ ലോഗോകള്‍. 

ഇമെയിലുകൾക്ക് വേണ്ടിയാണ് പലരും ആദ്യമായി ഇന്റർനെറ്റിനെ ആശ്രയിച്ചിട്ടുണ്ടാവുക.ഇന്റർനെറ്റിന്റെ ആദ്യ പാഠങ്ങളിൽ ഒന്നായിരുന്നു ഒരു ഇമെയിൽ എങ്ങനെ അയക്കാം എന്നത്. എൻവലപ്പ് ചിഹ്നം ഇമെയിലിനെ പ്രതിനിധീകരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഏല്ലാ ഇമെയിൽ സേവനങ്ങളും എൻവലപ്പ് ചിഹ്നം ഉൾപ്പെടുത്തിയാണ് ലോഗോ അവതരിപ്പിച്ചത്.മറ്റ് ഇമെയിൽ സേവനങ്ങളെയെല്ലാം പിന്തള്ളിക്കൊണ്ട് വളർച്ചപ്രാപിച്ച ജിമെയിലിന്റെ ലോഗോയും അക്കാരണം കൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതമാണ്. നേരിയ മാറ്റങ്ങൾ കാലാന്തരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ലോഗോയ്ക്ക് അടിസ്ഥാനപരമായി മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.എന്നാൽ ഇപ്പോൾ അത് മാറുകയാണ്. ഏറെ കാലങ്ങൾക്കൊടുവിൽ ഗൂഗിൾ ജിമെയിലിന്റെ ലോഗോ മാറ്റുകയാണ്.

എൻവലപ്പ് രൂപം ഒഴിവാക്കി കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങളുടെ ലോഗോയുമായി ഇണങ്ങും വിധത്തിൽ നിറങ്ങൾ നൽകിയാണ് പുതിയ ചിഹ്നം തയ്യാറാക്കിയിരിക്കുന്നത്.മെയിൽ എന്ന വാക്കിനെ പ്രതിനിധീകരിക്കുന്ന M എന്ന അക്ഷരം നീല, ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഗൂഗിളിന്റെ തന്നെ ഔദ്യോഗിക ലോഗോ, ഗൂഗിൾ മാപ്പ്സ്, ഗൂഗിൾ ഫോട്ടോസ്, ക്രോം എന്നിവ ഉൾപ്പടെ കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കെല്ലാം ഈ നിറങ്ങൾ ഉൾപ്പെടുത്തിയുള്ള ലോഗോയാണ് നൽകിയിട്ടുള്ളത്.

എന്നാൽ ഗൂഗിളിന്റെ ഈ നീക്കത്തിനെതിരെ വലിയ രീതിയിൽ വിമർശനമുണ്ട്. ഒരേ നിറങ്ങളിൽ തയ്യാറാക്കിയ ലോഗോകൾ തുടരെ തുടരെ ഗൂഗിൾ അവതരിപ്പിക്കുമ്പോൾ അവ ഫോണിൽ തിരഞ്ഞ് കണ്ടുപിടിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാവുന്നുണ്ടെന്ന അഭിപ്രായം ചിലർ മുന്നോട്ടുവെക്കുന്നു.

ജിമെയിൽ ലോഗോയെ കൊലചെയ്തുവെന്ന വിമർശനവും ഉപയോക്താക്കൾ ഉന്നയിക്കുന്നു.എന്നാൽ എൻവലപ്പ് രൂപത്തിൽ ചുവന്ന നിറത്തിൽ M എന്നെഴുതിയ നിലവിലുള്ള ജിമെയിൽ ലോഗോ പൂർണമായും ഒഴിവാക്കാനായിരുന്നുവത്രെ ആദ്യം ഗൂഗിളിന്റെ ശ്രമം.

എന്നാൽ ഗൂഗിളിന്റെ ഗവേഷണ സംഘം ആ നീക്കത്തോട് യോജിച്ചില്ല. തുടർന്ന് നടത്തിയ പഠനങ്ങളിൽ ജിമെയിൽ ലോഗോയിലെ എൻവലപ്പ് രൂപത്തിന് വലിയ പ്രാധാന്യമില്ലെന്ന നിരീക്ഷണത്തിൽ കമ്പനി എത്തുകയും M എന്നത് നിലനിർത്തി പുനർരൂപകൽപന നടത്താൻ ഡിസൈനർ മാർക്ക് നിർദേശം നൽകുകയും ആയിരുന്നുവത്രെ.

അങ്ങനെയാണ് M എന്ന അക്ഷരത്തിൽ ഗൂഗിളിന്റെ പരമ്പരാഗത നിറങ്ങൾ കൂടി ഉൾപ്പെടുത്തി പുതിയ ലോഗോ തയ്യാറാക്കിയത്.

ഈ പുതിയ ലോഗോയ്ക്ക് അനുയോജ്യമാകും വിധത്തിൽ കലണ്ടർ, ഡോക്സ്, മീറ്റ്, ഷീറ്റ്സ് എന്നിവയുടെ ലോഗോയും മാറ്റിയിട്ടുണ്ട്.

ഗൂഗിൾ ജിസ്യൂട്ടിന് പകരമായെത്തുന്ന ഗൂഗിൾ വർക്ക് സ്പേസിന്റെ ഭാഗമാണ് ഈ പുതിയ ലോഗോകൾ.

Exit mobile version